ന്യൂപോർട്ട്: ഇതിഹാസ ടെന്നീസ് താരം റോജർ ഫെഡററെ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുത്തു. ജീവിതത്തിലെ “ഏറ്റവും വലിയ ബഹുമതികളിലൊന്ന്’’ എന്നാണ് അദ്ദേഹം ഈ നിമിഷത്തെ വിശേഷിപ്പിച്ചത്.
20 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങളുടെ ഉടമയായ ഫെഡറർ, റോഡ് ഐലൻഡിലെ ന്യൂപോർട്ടിൽ നടന്ന ചടങ്ങിൽ വച്ച് തന്റെ മിന്നുന്ന കരിയറിനെക്കുറിച്ച് ഓർത്തെടുത്തപ്പോൾ വികാരാധീനനായി. ബില്ലി ജീൻ കിംഗ്, ജോണ് മക്കെൻറോ തുടങ്ങിയ ടെന്നീസ് ഇതിഹാസങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
1998-ൽ 16-ാം വയസിൽ അരങ്ങേറ്റം കുറിച്ച ശേഷം ഫെഡറർ പുരുഷ വിഭാഗത്തിൽ റിക്കാർഡായ എട്ട് വിംബിൾഡണ് കിരീടങ്ങളും ആറ് ഓസ്ട്രേലിയൻ ഓപ്പണുകളും അഞ്ച് യുഎസ് ഓപ്പണുകളും ഒരു ഫ്രഞ്ച് ഓപ്പണും നേടിയിട്ടുണ്ട്.“ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ്,”45-കാരനായ ഫെഡറർ പറഞ്ഞു.
“അവർ ഇതിനെ ഹാൾ ഓഫ് ഫെയിം എന്ന് വിളിക്കുന്നു, എന്നാൽ പ്രശസ്തി ഒരിക്കലും എന്റെ ലക്ഷ്യമായിരുന്നില്ല. ഞാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യം, അതിനെ എന്നെപ്പോലെ തന്നെ ഇഷ്ടപ്പെടുന്ന ആളുകൾക്കൊപ്പം ജീവിതകാലം മുഴുവൻ ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം.” ഫെഡറർ പറഞ്ഞു.
2003ൽ വിംബിൾഡണിൽ തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടിയ അദ്ദേഹം 310 ആഴ്ചകളോളം ലോക ഒന്നാം നന്പർ താരമായി നിന്നു. നൊവാക് ജോക്കോവിച്ചാണി ഈ റിക്കാർഡ് മറികടന്നത്. 2022ൽ ഫെഡറർ ടെന്നീസ് കോർട്ടിനോട് വിടപറയുന്പോഴേക്കും 103 എടിപി ടൂർ കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു.
20 ഗ്രാൻഡ സ് ലാമിനു പുറമെ 2008 ബെയ്ജിംഗ് ഒളിന്പിക്സ് പുരുഷ ഡബിൾസിൽ സ്വർണവും 2012 ലണ്ടൻ ഒളിന്പിക്സിന്റെ സിംഗിൾസിൽ വെള്ളിയും നേടിയിരുന്നു.
2014ൽ ആദ്യമായി ഡേവിസ് കപ്പ് നേടിയ സ്വിസ് ടീമിൽ അംഗവുമായി.